പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച 62 പേജുള്ള കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള സൈനികന്റെ വിവാഹാലോചന വന്നപ്പോള്‍ പ്രണബന്ധം അവസാനിപ്പിക്കാന്‍ ഷാരോണ്‍ രാജിനോട് ഗ്രീഷ്മ പലവട്ടം ആവശ്യപ്പെട്ടു. എന്നാല്‍ ഷാരോണ്‍ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്.
ഡോളോ ഗുളിക കലര്‍ത്തിയ ജൂസ് നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഏറെ നാളത്തെ ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്. കൊലപാതകത്തിന്റെ വിവിധ രീതികള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു.
2022 ഒക്ടോബര്‍ 14 ന് വശീകരിക്കുന്ന രീതിയില്‍ ചാറ്റ് ചെയ്ത ശേഷം ലൈംഗികബന്ധത്തിനായി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഈ വാട്‌സ്ആപ് ചാറ്റിന്റെ തെളിവുകള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഷാരോണ്‍ വീട്ടിലേക്കു വരുന്നതിനു മുന്‍പ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവച്ചു. അസുഖം മാറാനായി താന്‍ കഷായം കുടിക്കുന്നുണ്ടെന്ന് ഗ്രീഷ്മ നേരത്തെ ഷാരോണിനോട് പറഞ്ഞിരുന്നു. കഷായത്തിനു നല്ല കയ്പ്പാണെന്നും അതറിയണമെങ്കില്‍ അല്‍പം കുടിച്ചു നോക്കാനും ഗ്രീഷ്മ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഷാരോണ്‍ രാജിനെ കഷായം കുടിപ്പിക്കുന്നത്.
കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദിക്കാന്‍ തുടങ്ങി. കഷായത്തിന്റെ കയ്പ്പു കാരണമാണ് ഛര്‍ദിച്ചതെന്നും താനും ഛര്‍ദിച്ചിട്ടുണ്ടെന്നും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞു. വീടിനു പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തു കാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സുഹൃത്താണ് ഷാരോണിനെ വീട്ടിലെത്തിച്ചത്.