Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്
തരൂരിനു കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ല. എന്നാല്‍ സ്വയം തീരുമാനമെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങാന്‍ തരൂര്‍ തയ്യാറല്ല
Shashi Tharoor: ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. തുടര്‍ച്ചയായി മോദി സ്തുതി നടത്തുന്ന തരൂരിനു കോണ്‍ഗ്രസില്‍ തുടരാന്‍ യോഗ്യതയില്ലെന്നാണ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായം.
തരൂരിനു കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ല. എന്നാല്‍ സ്വയം തീരുമാനമെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങാന്‍ തരൂര്‍ തയ്യാറല്ല. പാര്‍ട്ടി തന്നെ പുറത്താക്കട്ടെ എന്ന നിലപാടിലാണ് തരൂര്‍. അങ്ങനെ വന്നാല്‍ വീരപരിവേഷം ലഭിക്കുകയും ബിജെപിയില്‍ പ്രധാന സ്ഥാനം ലഭിക്കുകയും ചെയ്യും. അതിനുവേണ്ടിയാണ് തരൂരിന്റെ നീക്കങ്ങളെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. സ്വയം പുറത്തുപോകുന്നതിനേക്കാള്‍ പാര്‍ട്ടി പുറത്താക്കുന്നതാണ് തനിക്കു രാഷ്ട്രീയമായി ഗുണം ചെയ്യുകയെന്നാണ് തരൂരിന്റെ മനസില്‍. അതിനായാണ് തുടര്‍ച്ചയായുള്ള മോദി സ്തുതികളെന്നും കേരളത്തിലെ കോണ്‍ഗ്രസ് കരുതുന്നു.
തരൂര്‍ ചെയ്യുന്നത് കോണ്‍ഗ്രസിനു ദോഷം ചെയ്യുന്ന കാര്യങ്ങളാണ്. കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം തരൂര്‍ നേടി. കോണ്‍ഗ്രസിന്റെ ഭാഗമല്ലാതെ ഇനി എന്തെങ്കിലും നേടാന്‍ സാധിക്കുമോയെന്നാണ് തരൂര്‍ ചിന്തിക്കുന്നത്. മാന്യമായി ഗുഡ് ബൈ പറഞ്ഞു പോകുകയാണ് തരൂര്‍ ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കെ.മുരളീധരനും തരൂരിനെതിരെ രംഗത്തെത്തി. നിലപാട് എടുക്കാത്തിടത്തോളം തരൂരിനെ തലസ്ഥാനത്തെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. നടപടി വേണോ വേണ്ടയോ എന്നകാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. തരൂരിന്റെ കാര്യം പാര്‍ടി വിട്ടതാണ്. അദ്ദേഹം കൂട്ടത്തിലുള്ള ആളായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.