രാഷ്ട്രീയത്തില്‍ എന്നും ചര്‍ച്ചാ വിഷയമായിരുന്നു ശശി തരൂരിന്റെ വ്യക്തിജീവിതം. അതില്‍ തന്നെ ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള വിവാഹം ഏറെ ആഘോഷിക്കപ്പെട്ടു. ഐപിഎല്‍ വിവാദത്തോടെയാണ് ശശി തരൂരിന്റെയും സുനന്ദ പുഷ്‌കറിന്റെയും പേര് ഒരുമിച്ച് കേള്‍ക്കാന്‍ തുടങ്ങിയത്. ഐപിഎല്‍ വിയര്‍പ്പോഹരി വിവാദത്തില്‍ സുനന്ദയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ശശി തരൂര്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു. അന്ന് തരൂരിന്റെ പേരും സുനന്ദയ്‌ക്കൊപ്പം കേട്ടിരുന്നു. തരൂരിന്റെ ബിനാമിയാണ് സുനന്ദയെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഐപിഎല്‍ വിവാദം ശശി തരൂരിന്റെ കേന്ദ്രമന്ത്രിസ്ഥാനം തെറിപ്പിച്ചു.
2010 ഓഗസ്റ്റ് 22 ന് ഉത്രാടനാളില്‍ ശശി തരൂരും സുനന്ദയും ഒന്നിച്ചു. ഇരുവരുടെയും മൂന്നാമത്തെ വിവാഹമായിരുന്നു. തരൂരിന്റെ രണ്ട് ആണ്‍മക്കളും സുനന്ദയുടെ ഏകമകനും വിവാഹത്തിനു സാക്ഷിയായി. ആദ്യകാലത്ത് ഇരുവരുടെയും ദാമ്പത്യബന്ധം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.
എന്നാല്‍, 2013 മുതലാണ് തരൂര്‍-സുനന്ദ ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയത്. തരൂരിനെതിരായ ഗോസിപ്പാണ് പ്രശ്‌നങ്ങളുടെ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് അടുത്ത ബന്ധമുണ്ടെന്നായിരുന്നു ഗോസിപ്പ്. ഈ ബന്ധത്തിനു സുനന്ദ എതിരായിരുന്നു. 2014 ജനുവരി 16ന് മെഹറും സുനന്ദയും ട്വിറ്ററില്‍ പരസ്പരം ഏറ്റുമുട്ടി. തരൂര്‍ തനിക്ക് സുഹൃത്ത് മാത്രമാണെന്ന് മെഹര്‍ പറഞ്ഞു. തരൂരിനെ തട്ടിയെടുക്കാന്‍ വന്ന ഐഎസ് ചാരയാണ് മെഹറെന്നാണ് സുനന്ദ അന്ന് ആരോപിച്ചത്. ട്വിറ്റര്‍ യുദ്ധത്തിന്റെ തൊട്ടടുത്ത ദിവസം തീര്‍ത്തും അപ്രതീക്ഷിതമായി 2014 ജനുവരി 17ന് ലീലാപാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
സുനന്ദയുടെ മരണത്തില്‍ തരൂരിന് പങ്കുണ്ടെന്ന് ആരോപണം ശക്തമായി. ശശി തരൂരില്‍ നിന്ന് സുനന്ദ പുഷ്‌കര്‍ മാനസികപീഡനം ഏറ്റിരുന്നതായി ഡല്‍ഹി പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. സുനന്ദയെ തരൂര്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് നേരത്തെ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. സുനന്ദയുടെ മരണ കാരണം വിഷം ഉള്ളില്‍ചെന്നാണെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15ഓളം പരിക്കുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും കോടതിയില്‍ പൊലീസ് പറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതല്‍ സുനന്ദ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.