ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; മരിച്ച യുവാവിനൊപ്പം ആറ് പേര്‍ കൂടി സമാന രീതിയില്‍ ചികിത്സ തേടി
രാഹുലിന്റെ രക്തം അമൃത ആശുപത്രിയില്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു
കാക്കനാട് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന പാലാ സ്വദേശി രാഹുല്‍ മരിച്ച സംഭവത്തില്‍ സമാന രീതിയിലെ ഭക്ഷ്യവിഷബാധയുമായി ആറ് പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. തൃക്കാക്കര നഗരസഭാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി.
കാക്കനാട് സ്വദേശികളായ ഐഷ്‌ന അജിത് (34), അഥര്‍വ് അജിത് (8), ആഷ്മി അജിത് (മൂന്ന്), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണ് വിവിധ ദിവസങ്ങളിലായി ചികിത്സ തേടി ആശുപത്രിയിലെത്തിയത്. അന്തരിച്ച രാഹുലിനെ സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ച ദിവസം മറ്റു രണ്ട് പേരെ കൂടി ഇതേ ലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നതായി ആശുപത്രി അധികൃതരും ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
രാഹുലിന്റെ രക്തം അമൃത ആശുപത്രിയില്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ആന്തരികാവയവങ്ങളുടെ രാസപ്പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.