കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയ പദ്ധതി തന്റെ ആശയം എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന് മൊഴി നൽകിയതായി വിവരം. കോൺസുൽ ജനറലിന്റെ ആവശ്യപ്രകാരം കോൺസലേറ്റിൽ എത്തിയപ്പോഴാണ് ഈ ആശയം മുന്നോട്ടുവച്ചത് എന്നും ശിവശങ്കർ മൊഴിയിൽ പറയുന്നു.
2018ലെ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് ശേഷമാണ് റെഡ് ക്രസന്റ് സംഘം തിരുവനന്തപുരത്തെത്തുന്നത്. കൊൺസുൽ ജനറലിന്റെ ആവശ്യപ്രകാരം 2019 ആദ്യ മാസം കോൻസലേറ്റിൽ എത്തി റെഡ് ക്രസന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് പലയിടങ്ങളിലായി വീടുകൾ വച്ചുനൽകാനാണ് ആദ്യം അലോചിച്ചത്. ഇതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായി.
ഭവന രഹിതർക്കായി കാഴ്ചയിൽ തന്നെ ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു പദ്ധതി നടപ്പിലാക്കാം എന്ന തന്റെ നിർദേശതോട് റെഡ് ക്രസന്റ് പ്രതിനിധികളും യോജിയ്ക്കുകയായിരുന്നു. പിന്നിട് മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിച്ചു, മുഖ്യമന്ത്രി പദ്ധതിയ്ക്ക് അംഗീകാരവും നൽകി. യുഎഇ കോൺസലേറ്റിൽ നടന്ന ചർച്ചയിൽ മിനിറ്റ്സ് ഉണ്ടായിരുന്നില്ല. വിദേശ പ്രതികളുമായുള്ള ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നും ശിവശങ്കർ മൊഴിയിൽ പറയുന്നു.