Publish Date: Mon, 26 Mar 2018 (12:02 IST)
Updated Date: Mon, 26 Mar 2018 (12:04 IST)
പൃഥ്വിരാജിന്‍റെ ലംബോര്‍ഗിനി കാര്‍ വീട്ടുമുറ്റത്തേക്ക് കൊണ്ടുവരാന്‍ കഴിയാത്തതിന്‍റെ ദുഃഖം നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരന്‍ ഒരു ടിവി ചാനലിനോട് പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ മല്ലിക സുകുമാരന്‍റെ ഏറ്റവും വലിയ ദുഃഖം ഇതാണെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഇതിനെതിരെ കേരള യുവജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തി. ഷോണിന്‍റെ എഫ് ബി വീഡിയോയില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ചുവടെ:
ഈ കഴിഞ്ഞ രണ്ടുദിവസത്തിനിടയില്‍ നടന്‍ പൃഥ്വിരാജിന്‍റെ അമ്മ മല്ലിക സുകുമാരന്‍റെ ഒരു വീഡിയോ വളരെ വൈറലായി കണ്ടു. അതില്‍ അവരുടെ മക്കളുടെ വിലകൂടിയ വാഹനങ്ങള്‍ റോഡ് മോശമായതിന്‍റെ പേരില്‍ വീട്ടില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ വിമര്‍ശനത്തിന് കാരണമായി.
അവര്‍ പറഞ്ഞതിലെ ഒരു കാര്യം നമ്മള്‍ കാണേണ്ടതുണ്ട്. അവരുടെ മകന്‍ പൃഥ്വിരാജ് ഈയിടെ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചു. നമ്മള്‍ മാധ്യമങ്ങളിലെല്ലാം കണ്ടതാണ്. മൂന്നുകോടിയിലധികം രൂപ വിലയുള്ള ഒരു വാഹനമാണ്. 45 ലക്ഷം രൂപ അവര്‍ അതിന് റോഡ് ടാക്സ് അടച്ചു.
എന്തിനാണ് നമ്മള്‍ റോഡ് ടാക്‍സ് അടയ്ക്കുന്നത്? നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. ആ ടാക്സ് അടയ്ക്കുന്ന നമുക്ക് നല്ല റോഡ് സൌകര്യം നല്‍കുന്ന എന്നത് സര്‍ക്കാരിന്‍റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഈ കാര്യം നിഷേധിക്കാനാവില്ല. 45 ലക്ഷം രൂപ റോഡ് ടാക്‍സ് അടച്ച അവര്‍ക്ക് വാഹനമോടിക്കാന്‍ നല്ല ഒരു റോഡ് ലഭിക്കുക എന്നത് ന്യായമായ ആവശ്യമാണ്.