'നിലത്തിരുന്ന് ഇറച്ചിവെട്ടുന്നത് പോലെ വെട്ടിക്കൊന്നു' - ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് സുഹൃത്ത്
അവനെ കൊന്നത് അതിക്രൂരമായി തന്നെ
Publish Date: Thu, 15 Feb 2018 (08:56 IST)
Updated Date: Thu, 15 Feb 2018 (08:57 IST)
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്നു സാക്ഷികളായ സുഹൃത്തുക്കൾ. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സുഹൃത്ത് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
ഷുഹൈബിനു ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്ന് സുഹൃത്തായ നൗഷാദ് പറയുന്നു. ആക്രമണത്തിൽ സാരമായി വെട്ടേറ്റ ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. കണ്ണൂർ എടയന്നൂർ സ്വദേശിയാണ് മരിച്ച ഷുഹൈബ്. സുഹൃത്തുക്കളോടൊപ്പം തട്ടുകടയിൽനിന്നു ചായ കുടിക്കുന്നതിനിടയിലായിരുന്നു ഷുഹൈബിനു നേരെ ആക്രമണം ഉണ്ടായത്.
'കാറിലെത്തിയ ആക്രമസംഘം ഷുഹൈബിനുനേരെ ബോംബെറിഞ്ഞശേഷം വാളുകൊണ്ടു അവന്റെ കാലിൽ വെട്ടി. വെട്ട് കൊണ്ട് നിലത്തു വീണപ്പോൾ രണ്ടുപേർ ചേർന്നു നിരവധിത്തവണ വെട്ടി. വെട്ടിവീഴ്ത്തിയശേഷം ഒരാൾ ഇരുന്ന് വെട്ടി, രണ്ടാമൻ കുനിഞ്ഞു നിന്നു വെട്ടി, തടഞ്ഞപ്പോൾ കൈയ്ക്കു വെട്ടി, ബെഞ്ച് കൊണ്ടു തടഞ്ഞതുകൊണ്ട് അരയ്ക്കു മുകളിലേക്കു വെട്ടേറ്റില്ല'. - നൗഷാദ് പറയുന്നു.