ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി
സ്വര്‍ണവുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടക്കുന്നത്. 2018 മുതലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ എസ്‌ഐടി ശേഖരിച്ചു.
ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന. കട്ടിള പാളിയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടക്കുന്നത്. 2018 മുതലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ എസ്‌ഐടി ശേഖരിച്ചു. കഴിഞ്ഞ ദിവസമാണ് എസ്‌ഐടി സംഘം സന്നിധാനത്ത് എത്തിയത്. കട്ടിള പാളിയിലെ സ്വര്‍ണം മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ മൂന്നാം പ്രതിയായിട്ട് പ്രതിചേര്‍ത്തു.
ദേവസം ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും വാസു ശക്തമായ ഇടപെടല്‍ നടത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ശബരിമല സ്വര്‍ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും. സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് നീക്കം. ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്തു.
ദ്വാരപാലക ശില്പത്തിലെയും കട്ടിള പാളിയിലെയും സ്വര്‍ണ്ണത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ ഉടനെ ആരംഭിക്കും. 10 ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതേസമയം കേസില്‍ രണ്ടാംപ്രതി മുരാരി ബാബുവിന്റെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്.