ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റു; അഞ്ചാം ക്ലാസുകാരി മരിച്ചു
ബുധനാഴ്ച വൈകിട്ട് മൂന്നോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാൽ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും കാലിൽ മുറിവുപറ്റുകയുമായിരുന്നു.
ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ വിദ്യാർഥിനി മരിച്ചു. സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്ന ആയിഷയുടെയും മകൾ ഷഹ്‌ല ഷെറിനാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്നോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാൽ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും കാലിൽ മുറിവുപറ്റുകയുമായിരുന്നു. മുറിവിൽ നിന്നും രക്തം എടുത്തതോടെ മറ്റു കുട്ടികൾ അധ്യാപകരെ വിവരം അറിയിച്ചു.
വിദ്യാർഥിനിയുടെ കാൽ പരിശോധിച്ചപ്പോൾ പാമ്പ് കടിയേറ്റതു പോലുള്ള പാടുകൾ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്കൂൾ അധികൃതർ വിവരം അറിയിച്ചു. പിതാവ് എത്തിയതിനു ശേഷം സ്കൂൾ അധികൃതരും ചേർന്ന് ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് ഡോക്റ്ററുടെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാർത്ഥിനി മരണപ്പെടുകയായിരുന്നു. പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്റ്ററുടെ റിപ്പോർട്ട്.