ഉമ്മൻചാണ്ടിക്ക് തല്‍ക്കാലം ആശ്വസിക്കാം; സരിതയുടെ ലൈംഗിക പീഡനപരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം - സോളാർ റിപ്പോർട്ടിൽ ഉടൻ കേസെടുക്കില്ല
സരിതയുടെ ലൈംഗിക പീഡനപരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം - സോളാർ റിപ്പോർട്ടിൽ ഉടൻ കേസെടുക്കില്ല
സോളാര്‍ കേസിന്റെ നിയമോപദേശത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഉടൻ കേസെടുക്കില്ല. സരിത എസ് നായരുടെ ലൈംഗിക പീഡനപരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
ലൈംഗിക ബന്ധം സരിതയുടെ സമ്മതത്തോടെയാണെന്നാണ് മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. അതിനാല്‍ സമ്മതപ്രകാരമാണെന്ന് ലൈംഗീകബന്ധം നടന്നതെന്ന് വ്യഖ്യാനം വരാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ പോലും കാരണമാകാമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സരിതയുടെ കത്തിൽ അന്വേഷണത്തിനുശേഷം മാത്രം കേസെടുക്കുന്നതാണു ഉചിതം. എന്നാൽ ലൈംഗിക ബന്ധവും അഴിമതിയിൽപ്പെടുമെന്ന വാദം നിലനിൽക്കും. കൃത്യതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍ വേണ്ടതെന്നും നിയമോപദേശത്തിൽ പറയുന്നു.
കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജസ്‌റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം.