ഉമ്മചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ രണ്ടു പേര്‍; തകര്‍ന്നടിഞ്ഞ് നേതൃത്വം
ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കത്തിനു തുടക്കം
കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് കഴിഞ്ഞ ദിവസം നിയമസഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു.
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചപണി വേണമെന്ന ആവശ്യം രൂക്ഷമാകുന്നു. ആരോപണ വിധേയരായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന് വിഎം സുധീരന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന.
യു ഡി എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ചതാണ് കമ്മീഷനെ എന്നും അതിനാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അത്യന്തം ഗൌരവമേറിയതാണെന്നും സുധീരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നേരത്തെ തന്നെ ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് വിവരങ്ങളും കൈമാറി. സുധീരനൊപ്പം വിഡി സതീശനും ആരോപണ വിധേയര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്.
സോളാര്‍ കേസില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കുമേല്‍ നടപടിയില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും തെറ്റായ പ്രവണത ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യ പ്രതികരണങ്ങള്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തുചാടിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചരടുവലിച്ചിരുന്നു. ഇതും സുധീരന്റെ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്.