സ്‌പോട്ട് ബുക്കിംഗ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാഹചര്യത്തെ പോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിംഗ് വിവാദത്തിലും ഉണ്ടാകാനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ മാതൃകയില്‍ സമരത്തിനൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്നും അകറ്റാനുള്ള ശ്രമമാണെന്ന പ്രചാരണം ബിജെപി ഉള്‍പ്പടെയുള്ളവര്‍ ഇതിനകം തന്നെ ഉയര്‍ത്തികഴിഞ്ഞു. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി പരിഷ്‌കാരം വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും.
പ്രതിസന്ധി ഒഴിവാക്കാന്‍ പമ്പ, നിലയ്ക്കല്‍,എരുമേലി പോലുള്ള കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുകിംഗ് സൗകര്യം ഒരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെയാണ് വിഷയത്തില്‍ കടും പിടുത്തത്തിനില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയത്. സ്‌പോട്ട് ബുക്കിംഗ് ഇരുമ്പുലയ്ക്കയല്ല എന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എടുത്തിരിക്കുന്നത്.