വീടിനുനേരെ കരി ഓയിൽ ഒഴിച്ചത് പെയിന്റ് പണിക്കാർ; പരിഹാസവുമായി ശ്രീനിവാസൻ
കരി ഓയിൽ ഒഴിച്ചത് പെയിന്റ് പണിക്കാരെന്ന് ശ്രീനിവാസൻ
തന്റെ വീടിനു നേരെ നടന്ന കരി ഓയിൽ പ്രയോഗത്തെ പരിഹസിച്ച് നടൻ ശ്രീനിവാസന് രംഗത്ത്. ഏതെങ്കിലും പെയിന്റ് പണിക്കാരായിരിക്കും വീട്ടില്‍ കരി ഓയിൽ ഒഴിച്ചതെന്നാണ് നടന്റെ പരിഹാസം. ആ സംഭവത്തില്‍ തനിക്ക് ആരെയും സംശയമില്ലെന്നും പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
കണ്ണൂര്‍ കൂത്തുപറമ്പ് - തലശേരി റോഡിൽ പൂക്കോട് ചെട്ടി മെട്ടക്ക് മെയിൻ റോഡരുകിലുള്ള വിനീത് എന്ന ശ്രീനിവാസന്റെ വീടിനുനേര്‍ക്കാണ് അതിക്രമം നടന്നത്. ഏറെക്കാലമായി ഈ വീട് അടച്ചിട്ട നിലയിലാണ്. വീടിന്റെ ഭിത്തിയിലും ഗെയ്റ്റിലും മുറ്റത്തുമെല്ലാമാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നതായി ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പ്പെട്ട കേസില്‍ പൊലീസ് റിമാന്റിലുള്ള നടന് ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന് പലതവണ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസവും പ്രസ്താവനയുണ്ടായി. അതാണോ കരിഓയില്‍ പ്രയോഗത്തിന് കാരണം എന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ പറഞ്ഞത്.