ഗവര്‍ണര്‍ക്കു 'പവര്‍' കുറവ്, അധികാരം മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയ്ക്കു; കുട്ടികളെ പഠിപ്പിച്ച് സര്‍ക്കാര്‍
ഭാരതാംബ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ അധികാരമെന്തെന്ന് കുട്ടികളെ പഠിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം
Publish Date: Thu, 25 Sep 2025 (14:02 IST)
Updated Date: Thu, 25 Sep 2025 (14:05 IST)
ഗവര്‍ണറുടെ അധികാര പദവിയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അധികാര പദവിയെ കുറിച്ച് പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ 'ജനാധിപത്യം, ഒരു ഇന്ത്യന്‍ അനുഭവം' എന്ന പാഠത്തില്‍ ഗവര്‍ണറുടെ അധികാരത്തെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവന്‍ എന്നാണ് ഈ പാഠത്തില്‍ പറയുന്നത്.
ഭാരതാംബ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ അധികാരമെന്തെന്ന് കുട്ടികളെ പഠിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തിന്റെ യഥാര്‍ഥ കാര്യനിര്‍വഹണാധികാരം മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയ്ക്കാണെന്നും ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്നും പാഠത്തില്‍ പറയുന്നുണ്ട്.
ഗവര്‍ണര്‍ എന്നതു തിരഞ്ഞെടുക്കപ്പെടുന്ന ഔദ്യോഗിക സ്ഥാനമല്ല. കേന്ദ്ര-സംസ്ഥാന ബന്ധത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1983ല്‍ നിയോഗിച്ച സര്‍ക്കാരിയ കമ്മിഷന്‍ സജീവരാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പാഠത്തില്‍ പറയുന്നു.