ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുടുങ്ങിയാല്‍ ആര്‍ക്കെങ്കിലും തിരിച്ചുപോകണമെന്ന് തോന്നുമോ?, ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ് 35 ബി സ്റ്റെല്‍ത്ത് ജെറ്റ് തിരുവനന്തപുരത്ത് 5 ആഴ്ചയിലേറെ കുടുങ്ങിയ അവസ്ഥയില്‍ കേരളത്തിന്റെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പോസ്റ്റ് ചെയ്ത പോസ്റ്റിലെ ചോദ്യം ഇതായിരുന്നു. അഞ്ചാഴ്ച കാലം കേരളത്തില്‍ സുഖവാസമാക്കിയ ഫൈറ്റര്‍ ജെറ്റിനെ വൈകാതെ തന്നെ മറ്റ് പരസ്യങ്ങളും ഏറ്റെടുത്തു. ഒരു സുപ്രഭാതത്തില്‍ ഹൈഡ്രോളിക് പ്രശ്‌നം മൂലം തിരുവനന്തപുരത്ത് വന്നിറങ്ങിയ ഫൈറ്റര്‍ ജെറ്റിനെ മലയാളികള്‍ ഏറ്റെടുത്തത് വളരെ വേഗത്തിലായിരുന്നു. കഴിഞ്ഞ ജൂണ്‍ 14നാണ് യുകെയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ യന്ത്രതകരാറും മോശം കാലാവസ്ഥയും മൂലം എഫ് 35 ബി കേരളത്തില്‍ അടിയന്തിര ലാന്‍ഡിങ് ചെയ്തത്.
വൈകാതെ തന്നെ ബ്രിട്ടനില്‍ നിന്നും പ്രത്യേക ഉപകരണങ്ങളും വിദഗ്ധ സംഘവും വന്നെങ്കിലും ഫൈറ്റര്‍ ജെറ്റിന് ഉടനെ തന്നെ തിരിച്ചുപറക്കാനായില്ല. ഇതോടെ കോളടിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിനായിരുന്നു. എഫ് 35 ബിക്ക് ഓരോ ദിവസവും പാര്‍ക്കിങ് ചാര്‍ജ് വകുപ്പില്‍ 26,000 രൂപ. കൂട്ടത്തില്‍ ഫൈറ്റര്‍ ജെറ്റ് കാണാനായി സന്ദര്‍ശകര്‍. എന്തിന് പരസ്യങ്ങള്‍ക്ക് പോലും ഫൈറ്റര്‍ ജെറ്റിനെ മലയാളികള്‍ ഉപയോഗിച്ചു. Kerala - the destination you'll never want to leave എന്നാണ് ഫൈറ്റര്‍ ജെറ്റിന്റെ ഫോട്ടോ ഉപയോഗിച്ച് കേരള ടൂറിസം വകുപ്പ് കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി മാറി.
തിരിച്ചുപോയപ്പോഴും ഫൈറ്റര്‍ ജെറ്റിനെ മലയാളികള്‍ വിടുന്ന മട്ടില്ല. ഇവിടെ നിന്നിരുന്നെങ്കില്‍ വല്ല പിഎസ്സിയോ സിവില്‍ സര്‍വീസോ എഴുതിക്കാമായിരുന്നു എന്ന തരത്തില്‍ പോകുന്നു ഫറ്റര്‍ ജെറ്റ് കേരളം വിട്ട വാര്‍ത്തയ്ക്ക് കീഴിലെ കമന്റുകള്‍. അതേസമയം ഫ്‌ലൈറ്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചുപോകാനാവുന്നതില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ നന്ദി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോയെങ്കിലും പോട്ടെ വീണ്ടും വരണമെന്നാണ് ഫൈറ്റര്‍ ജെറ്റിനോട് മലയാളികളുടെ അപേക്ഷ.