സംസ്ഥാനത്തെ സ്‌ക്കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പഠനം നടത്തുന്നതിനായാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. നിലവിലെ പ്രവൃത്തി ദിനങ്ങള്‍ അപര്യാപ്തമാണെന്ന് കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലും കേരള വിദ്യഭ്യാസ ചട്ടത്തിലും പറയുന്നത് പ്രകാരമുള്ള ചുരുങ്ങിയത് 220 പ്രവൃത്തി ദിനങ്ങള്‍ എങ്കിലും വേണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ കമാണ്ടര്‍ സി.കെ ഷാജിയും പി.ടി.എയുമാണ് ആദ്യം ഹൈകോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച കോടതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് സര്‍ക്കാര്‍ 25 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനമായി ഉള്‍പ്പെടുത്തി 220 അധ്യായന ദിനങ്ങള്‍ ആക്കി ഉയര്‍ത്തി അക്കാദമിക് കലണ്ടര്‍ പരിഷ്‌കരിച്ചു. എന്നാല്‍ ഇതിനെ ചോദ്യം ചെയത് ചില അധ്യാപക സംഘടനകള്‍ ഹൈകോടതിയെ സമീപിച്ചു.ഈ ഹര്‍ജികള്‍ പരിഗണിച്ച കോടതി 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിയ നടപടി പുനപരിശോധിക്കാനും ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കൂ വാനും നിര്‍ദേശിച്ചു.തുടര്‍ന്ന് സര്‍ക്കാര്‍ 2024 സെപ്റ്റംബര്‍ ഒന്‍പതിന് വിശദമായ ഹിയറിംഗ് നടത്തി.
അധ്യാപക സംഘടനപ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍, മാനേജര്‍മാര്‍, മനശസ്ത്ര-വിദഗ്ധര്‍, ആരോഗ്യ വിദഗ്ധര്‍, രക്ഷിതാക്കള്‍ ഹര്‍ജിക്കാര്‍ എന്നിവരെല്ലാം ഈ ഹിയറിംഗില്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായാണ് കുട്ടികളുടെ ബൗദ്ധിക, ശാരീരിക, വൈകാരിക, മാനസിക വികാസങ്ങള്‍ക്ക് യാതൊരു തടസ്സവുമുണ്ടാകാത്ത രീതിയില്‍ അധ്യായന ദിനങ്ങള്‍ / മണിക്കൂറുകള്‍ എന്നിവയുടെ കുറവ് എങ്ങനെ നികത്താനാവും എന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കൂടി അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ചത്.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ വകുപ്പ് മേധാവി പ്രൊഫ വി.പി ജോഷിത്ത്, എന്‍ എച്ച് എം അഡോള സെന്റ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ എസ് ഫെറ്റില്‍, തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപ ഭാസ്‌കരന്‍, എസ് എസ് എ മുന്‍ കണ്‍സള്‍ട്ടന്റ് ഡോ.ജയരാജ്, എസ്.സി.ഇ ആര്‍ ടി മുന്‍ ഫാക്കല്‍റ്റി എം.പി നാരായണന്‍ ഉണ്ണി, എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങള്‍ .വിദഗ്ധ സമിതി യോട് രണ്ട് മാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.