സപ്ലൈക്കോ ഓണചന്തകള്‍ക്ക് ഓഗസ്റ്റ് 25ന് തുടക്കമാവുമെന്ന് മന്ത്രി ജി ആര്‍ അനില്‍കുമാര്‍. ജില്ലാ കേന്ദ്രങ്ങളിലും നിയോജകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ന് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 26,27 തീയ്യതികളിലായി മറ്റ് ജില്ലാ കേന്ദ്രങ്ങളിലും ഫെയറുകള്‍ തുടങ്ങും.
ഉത്രാടം നാളായ സെപ്റ്റംബര്‍ 4 വരെ 10 ദിവസമാണ് ചന്തകള്‍ നടത്തുക. വിപണിയിലെ ഇടപെടല്‍ ഫലപ്രദമാക്കാനായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും. ഇതിലൂടെ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉല്പന്നങ്ങളും ഉള്‍പ്രദേശങ്ങളിലും എത്തിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. റേഷന്‍ സംവിധാനത്തിലൂടെ വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ സ്‌പെഷ്യല്‍ അരി 10 രൂപ 90 പൈസയ്ക്ക് ലഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരിയും പിങ്ക് കാര്‍ഡിന് അഞ്ച് കിലോ അരിയും മഞ്ഞ കാര്‍ഡിന് ഒരു കിലോ പഞ്ചസാരയും ലഭിക്കും.
എവൈഎ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണിസഞ്ചി ഉള്‍പ്പടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കും. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ ആയിരിക്കും കിറ്റ് വിതരണം നടത്തുക.