Suresh Gopi: 'എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം'; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും തന്നെ നീക്കണമെന്ന് സുരേഷ് ഗോപി
കണ്ണൂരിൽ എംപി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി. തന്നെ ഒഴിവാക്കി പകരം സി സദാനന്ദൻ എംപിയെ മന്ത്രിയാക്കണമെന്ന ആവശ്യമാണ് സുരേഷ് ഗോപി ഉന്നയിച്ചിരിക്കുന്നത്. എംപിയുടെ ഓഫീസ് ഉടൻ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിൽ എംപി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പിന്റെ തലേന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഞാൻ പറഞ്ഞതാണ് എനിക്ക് മന്ത്രിയൊന്നും ആകണ്ടായെന്ന്, എനിക്കെന്റെ സിനിമ തുടരണം, മന്ത്രി ആയാൽ അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. എനിക്ക് സിനിമ അഭിനയം തുടരണം, ഒരുപാട് സമ്പാദിക്കണം, എന്റെ കുഞ്ഞുങ്ങൾ എവിടെയും എത്തിയിട്ടില്ല. എന്റെ വരുമാനത്തിൽ വിശ്വസിക്കുന്ന കുറച്ച് ആൾക്കാരുണ്ട് അതിൽ കുറച്ചു പേരെ സഹായിക്കണമെങ്കിൽ പണ വരുമാനം നിലയ്ക്കാൻ പാടില്ല.
ഇപ്പോൾ നല്ല തോതിൽ നിലച്ചിട്ടുണ്ട്, ഞാൻ ആത്മാർഥമായി പറയുന്നു എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാൽ അത് കേരളത്തിലെ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം' സുരേഷ് ഗോപി പറഞ്ഞു.
അതേസമയം തന്റെ കലുങ്ക് ചർച്ചക്കെതിരായ പ്രചരണത്തിനെതിരെയും സുരേഷ് ഗോപി പ്രതികരിച്ചു. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.