തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സ്വകാര്യ ബാങ്കിന്റെ ഹിരുവനന്തപുരത്തെ ഒരു ബ്രാഞ്ചിൽ 38 കോടിയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റ് കണ്ടെത്തി. ഈ ബാങ്കിൽ തന്നെ സ്വപ്നയ്ക്ക് ലോക്കറും ഉണ്ട്. മറ്റൊരു പ്രതിയായ സന്ദീപ് നായർക്കും ഈ ബാങ്കിൽ അക്കൗണ്ട് ഉണ്ട് എന്നും ഇഡിയ്ക്ക് വ്യക്തമായിട്ടുണ്ട്. യുഎഇ കൊൺസുലേറ്റിന്റെ രണ്ട് അക്കൗണ്ടും ഇതേ ബാങ്കിൽ തന്നെയാണ്. ഈ അക്കൗണ്ടുകളിൽനിന്നുമാണ് സ്വപ്ന സ്വന്തം അക്കൗണ്ടിലേയ്ക്ക് വലിയ തുകകൾ മാറ്റിയത്.
മറ്റു ചില അക്കൗണ്ടുകളിൽനിന്നും സ്വപ്നയുടെ അക്കൗണ്ടിലേയ്ക്ക് പണം വന്നതായും റിപ്പോർട്ടുകളുണ്ട്. ബാങ്കിൽനിന്നും ഒരാൾക്ക് പിൻവലിയ്ക്കവുന്ന പരമാവധി തുകയിലധികം പിൻവലിച്ച് സ്വപ്ന ഇടപാടുകൾ നടത്തിയിരുന്നതായും ഇഡി കണ്ടെത്തി. ഇതോടെ ബാങ്ക് മാനേജറെ ഇഡി ചോദ്യം ചെയ്തു. പരിധിയിൽ കൂടുതൽ അണം പിൻവലിയ്ക്കുന്നതിനെ എതിർത്തിരുന്നു എന്നും ബാങ്കിലെ കോൺസലേറ്റിന്റെ അക്കൗണ്ടുകൾ മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റുമെന്ന് ഭീഷണി മുഴക്കിയതോടെ വഴങ്ങേണ്ടി വന്നു എന്നുമാണ് ബാങ്ക് മാനേജർ മൊഴി നൽകിയിരിയ്ക്കുന്നത്. മൂന്ന് തവണ ഇഡി ബാങ്ക് മാനേജറെ ചോദ്യം ചെയ്തതായാണ് വിവരം.
കോൺസലേറ്റിന്റെ ബാങ്ക് അക്കൗണ്ടുകൾ സ്വപ്ന കൈകാര്യം ചെയ്തത് കോൺസലേറ്റിന്റെ അനുവാദത്തോടെയാണെന്നും അക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ല എന്നും ബാങ്ക് മാനേജർ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയോടൊപ്പം ബാങ്കിൽ എത്തിയിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ഇഡി ബാങ്കിനോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇത് കണ്ടെത്തുന്നതിനായി ബാങ്കിലെ പഴയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചേയ്ക്കും. സഹകരണ ബാങ്കുകൾ ഉൾപ്പടെ മറ്റുചില ബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ട് എന്ന് ഇഡിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.