തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവായ തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലേകാലോടെ വെമ്പായത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധിയായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
കഴക്കൂട്ടത്തെ നിന്നാണ് 1977 ൽ അദ്ദേഹം നിയമസഭയിൽ എത്തിയത്. പിന്നീട് രാജ്യസഭാംഗം, എം.എൽ.എ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. എ.കെ.ആന്റണി മുഖ്യമന്ത്രിയാകാനായി ബഷീർ എം.എൽ.എ സ്ഥാനം രാജിവച്ചിരുന്നു. ഇദ്ദേഹം മുപ്പത്തൊന്നാം വയസിലാണ് രാജ്യസഭയിൽ എത്തിയത്.
ഇതിനൊപ്പം ചിറയിൻകീഴിൽ നിന്ന് മത്സരിച്ചു രണ്ട് തവണ ലോക്സഭാംഗവുമായി. ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടനവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരളം സർവകലാശാലയുടെ ആദ്യ ചെയർമാനായിരുന്നു. പരേതയായ സുഹ്‌റയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇവർ സിനിമാ നടന്ന പ്രേംനസീറിന്റെ സഹോദരികൂടിയാണ്.
മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംസ്കാരം ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പേരുമല മുസ്‌ലിം ജമാ അത്ത് കബർസ്ഥാനിൽ നടക്കും. അതിനു മുന്നേ മൃതദേഹം നാളെ രാവിലെ വിലാപ യാത്രയായി കെ.പി.സി.സി യിലേക്ക് കൊണ്ടുപോകും.