വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം: പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു
തലയ്ക്കു പരുക്കേറ്റതിനു പിന്നാലെ കുട്ടി ഛര്‍ദിക്കുകയും അബോധാവസ്ഥയില്‍ ആകുകയുമായിരുന്നു
കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു. ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ തലയ്ക്കു പരുക്കേറ്റ മുഹമ്മദ് ഷഹബാസ് (15) ആണ് മരിച്ചത്. എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
തലയ്ക്കു പരുക്കേറ്റതിനു പിന്നാലെ കുട്ടി ഛര്‍ദിക്കുകയും അബോധാവസ്ഥയില്‍ ആകുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു.
ട്യൂഷന്‍ ക്ലാസിലെ ഫെയര്‍വെല്‍ പരിപാടിക്കിടെ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. ഇതിനു പകരം വീട്ടാന്‍ കൂടുതല്‍ കുട്ടികളെ വിളിച്ചുവരുത്തി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ അടിക്കാന്‍ എത്തി. ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നു പിതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.