Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായുള്ള കുറ്റപത്രം ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും

നടിയെ ആക്രമിച്ച കേസ്; ദിലീപ് എട്ടാം പ്രതി, ആകെയുള്ളത് 11 പ്രതികൾ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായുള്ള കുറ്റപത്രം ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും
, ബുധന്‍, 22 നവം‌ബര്‍ 2017 (08:21 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍. കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെ എട്ടാം പ്രതി ചേർത്തിട്ടുള്ള കുറ്റപത്രം പൊലീസ് ഇന്നു കോടതിയിൽ സമർപ്പിച്ചേക്കും. 
 
കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഈ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. 
 
അന്തിമ കുറ്റപത്രത്തിൽ ദിലീപടക്കം 11 പേരാണു പ്രതികൾ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം.
 
എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം സമർപ്പിച്ചാൽ കേസ് നിലനിൽക്കില്ല എന്ന നിയമോപദേശം ലഭിച്ചതോടെയാണ് ഇത് ഉപേക്ഷിച്ചത്. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്ക് ഒടുവിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘം ധാരണയായത്. 
 
പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച ചാര്‍ളിയെ മാപ്പുസാക്ഷിയാക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ചില സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് കരുതുന്നു.
 
അതേസമയം, പള്‍സര്‍ സുനിയുടെ നിലപാട് മാത്രമാണ് നിലവില്‍ ഈ കേസില്‍ ദിലീപിന് എതിരായുള്ള പ്രധാന സംഗതി എന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. ദിലീപിന്‍റെ ആവശ്യപ്രകാരമാണ് പള്‍സര്‍ സുനി ഈ കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്‍റെ പക്കലില്ലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു. 
 
കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ദിലീപിനെതിരെ വരാന്‍ സാധ്യതയുള്ള എല്ലാ തെളിവുകളും ഒരുമിച്ചുകൊണ്ടുവരാന്‍ ധൃതിപിടിച്ച് പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇതൊന്നും ഈ കേസില്‍ ദിലീപിനെ കുടുക്കാന്‍ മതിയാവില്ലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു. ഗൂഢാലോചന തെളിയിക്കാന്‍ പൊലീസിന് കഴിയുമോയെന്ന സംശയവും വ്യാപകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാം ചെയ്തത് അചാരലംഘനം? ശക്തമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്