തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ
ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ സിന്ധു.
തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ സിന്ധു. ഇതോടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് കൊല്ലം പന്മന സ്വദേശി വേണു മരണപ്പെട്ടത്. വേണുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അധികൃതര്‍ ഒന്നും പറഞ്ഞില്ലെന്നും ഭാര്യ സിന്ധു ആരോപിച്ചു.
വെന്റിലേറ്ററില്‍ ആണെന്ന് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിലാണ് അദ്ദേഹത്തെ കാണുന്നത്. കാശുള്ളവര്‍ ആരും മെഡിക്കല്‍ കോളേജിലേക്ക് പോകില്ലല്ലോ. ഞങ്ങളെപ്പോലുള്ള കാശില്ലാത്ത വിഭാഗങ്ങളല്ലേ അവിടെ പോകുന്നത്. മക്കളെ വലിയ നിലയില്‍ എത്തിക്കണമെന്ന് ഒരച്ഛന്റെ ആഗ്രഹമാണ് ഇല്ലാതായതെന്നും സിന്ധു പറഞ്ഞു.
ചികിത്സ കിട്ടിയിട്ടില്ലെന്ന് വേണുവിന്റെ തന്നെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് അധികൃതര്‍. വേണുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയാണ് വേണു മരിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ആശുപത്രി മാത്രമായിരിക്കും ഉത്തരവാദി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ആന്‍ജിയോഗ്രാമിനായി താന്‍ എത്തിയെന്നും ആറ് ദിവസം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ പരിശോധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.