Shreyas Iyer: 'ആശ്വാസം'; ശ്രേയസ് അയ്യര്‍ ഐസിയു വിട്ടു, ആരോഗ്യനില തൃപ്തികരം
മൂന്നാം ഏകദിനത്തിനിടെ ഓസ്ട്രേലിയന്‍ താരം അലക്സ് കാരിയുടെ ക്യാച്ച് എടുക്കുമ്പോഴാണ് താരത്തിനു പരുക്കേറ്റത്
Shreyas Iyer: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ഉപനായകന്‍ ശ്രേയസ് അയ്യര്‍ ഐസിയു വിട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ താരം മൂന്ന് ദിവസമായി സിഡ്‌നിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയു ചികിത്സയിലായിരുന്നു. താരത്തെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
മൂന്നാം ഏകദിനത്തിനിടെ ഓസ്ട്രേലിയന്‍ താരം അലക്സ് കാരിയുടെ ക്യാച്ച് എടുക്കുമ്പോഴാണ് താരത്തിനു പരുക്കേറ്റത്. വാരിയെല്ലില്‍ ശക്തമായ വേദനകൊണ്ട് ശ്രേയസ് ഗ്രൗണ്ടില്‍ കിടന്നു പുളഞ്ഞിരുന്നു. പരുക്കേറ്റ സ്ഥലത്ത് ആന്തരിക രക്തസ്രാവം ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരുക്കേറ്റ അന്ന് തന്നെ ശ്രേയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവം കാണപ്പെട്ടതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ബിസിസിഐ മെഡിക്കല്‍ സംഘവും താരത്തിന്റെ സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. ഗുരുതരമാകാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അപകടനിലയില്ലെന്നാണ് ടീം മാനേജ്മെന്റുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്കു മാത്രമാണ് ശ്രേയസിനെ ടീമില്‍ എടുത്തിരുന്നത്. ചികിത്സയ്ക്കു ശേഷമാകും ശ്രേയസ് ഇനി ഇന്ത്യയിലേക്കു തിരിച്ചുപോകുക. മൂന്ന് ആഴ്ചയെങ്കിലും ശ്രേയസിനു സിഡ്‌നി ആശുപത്രിയില്‍ ചികിത്സ തുടരേണ്ടിവരും. താരത്തിന്റെ മാതാപിതാക്കളും ഓസ്‌ട്രേലിയയില്‍ എത്തും.