തിരുവനന്തപുരം: കണ്ണൂരിൽ നിന്നു തലസ്ഥാന നഗരിയിൽ എത്തി ഒറ്റ ദിവസത്തിനുള്ളിൽ അഞ്ചു കടകളിൽ കവർച്ച നടത്തിയ ആൾ പിടിയിലായി. കണ്ണൂർ തളിപ്പറമ്പ് പത്താൻ തറക്കര തെക്കേമുറി വീട്ടിൽ തങ്കച്ചൻ എന്ന 56 കാരനാണ് പിടിയിലായത്.
ഒറ്റ രാത്രിയിൽ മൂന്നു സ്വര്ണക്കടകൾ ഉൾപ്പെടെ അഞ്ചു കടകളിൽ നിന്നായി ഇയാൾ 153000 രൂപയാണ് കവർന്നത്. ഇയാളെ കോഴിക്കോട്ടു നിന്നാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ വ്യാജ വിലാസത്തിൽ ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് പിടിയിലായത്.
കഴിഞ്ഞ ഇരുപത്തിനാലാം തീയതി രാവിലെ കണ്ണൂരിൽ നിന്ന് ബാലരാമപുരത്ത് ബസ്സിലെത്തി. ആണ് രാത്രി ബാലരാമപുരത്തെ ദേശീയ പാതയ്ക്ക് ഇരുവശത്തും നിന്നുമുള്ള കടകളിലാണ് ഇയാൾ മോഷണം നടത്തിയത്. ബാലരാമപുരത്തെ കണ്ണൻ ജൂവലറി, പത്മനാഭ ജൂവലറി, പ്രശാന്ത് ജൂവലറി എന്നീ ജൂവലറികളിലാണ് കവർച്ച നടത്തിയത്.
മോഷണം നടത്താനായി ബാലരാമപുരത്തെ പെട്രോൾ പമ്പിനടുത്തെത്തി ധരിച്ചിരുന്ന വസ്ത്രം മാറിയ ശേഷം മങ്കി ക്യാപ്പ്, ഗ്ലൗസ് എന്നിവ ധരിച്ചു കാറ്റേ കുത്തിത്തുറക്കുന്നതിനുള്ള പിക്കാസുമെടുത്തായിരുന്നു ഇയാളുടെ പ്രവർത്തനം. കവർച്ചയ്ക്ക് ശേഷം തിരിച്ചു പുലർച്ചെ പെട്രോൾ പമ്പിനടുത്തെത്തി വസ്ത്രം മാറിയ ശേഷം തിരുവനന്തപുരത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും പോവുകയായിരുന്നു.
സമാനമായ രീതിയിൽ പതിനഞ്ചോളം കവർച്ച നടത്തിയിട്ടുണ്ട് ഇയാൾ എന്നാണു പോലീസ് അറിയിച്ചത്. കോഴിക്കോട് വരെയുള്ള പത്ത് ജില്ലകളിലെ സിസി.ടി.വി ദൃശ്യങ്ങൾ വച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.