തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേയ്ക്ക് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് നേരിട്ട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. വ്യോമയാന മന്ത്രാലയവും പ്രധാനമന്ത്രിയും സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിന്റെ ലംഘനമാണ് നടന്നത് എന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യോമയാന മന്ത്രാലയം 2003ൽ സംസ്ഥാനത്തിന് നൽകിയ ഉറപ്പിന്റെ ലംഘനമാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്നായിരുന്നു വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാനമന്ത്രി ഉറപ്പ് നൽകിയുരുന്നു. സംസ്ഥാനത്തിന് പരിഗണനയില്ലെങ്കിൽ കേന്ദ്ര തീരുമാനത്തിനോട് സഹകരിയ്ക്കാൻ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.
രാജ്യാന്തര ടെർമിനലിന്റെ നിർമ്മാണത്തിനായി 23.57 ഏക്കർ സ്ഥലമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സംസ്ഥാനം സൗജന്യമായി കൈമാറിയത്. ഭൂമിയുടെ വില പിന്നീട് ഓഹരി മൂല്യമായി സംസ്ഥാന സർക്കാരിന് ലഭിയ്ക്കും എന്ന ഉറപ്പിലായിരുന്നു ഇത്. 2018ൽ നീതി ആയോഗ് വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ഇക്കാര്യം വിശദീകരിയ്ക്കുകയും ചെയ്തിരുന്നു. പൊതു സ്വകാര്യ പങ്കാളിത്തം പരിഗണിയ്ക്കുന്ന വിമാനത്താവളങ്ങളിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണം എന്നും സർക്കാർ പ്രധാന ഓഹരി ഉടമകളായ സംവിധാനത്തിന് നടത്തിപ്പ് അവകാശം കൈമാറം എന്നും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രം പരിഗണിച്ചില്ല
സുപ്രീം കോടതിയുടെ നിർദേശപ്രകാരം വ്യവഹാരം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിയ്ക്കുമ്പോഴാണ് ഈ തീരുമാനം. സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിയ്ക്കാതെ കേന്ദ്രം എകപക്ഷീയമായി തീരുമാനംമെടുത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി സഹകരിയ്കാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ട്, മുഖ്യമന്ത്രി കത്തിൽ കുറിച്ചു. പ്രധാമന്ത്രി വിധയത്തിൽ ഇടപെടണം എന്നും മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.