ചാണ്ടിയുടെ രാജി ചർച്ച ചെയ്തില്ല, തീരുമാനം എൻ സി പി യോഗത്തിനുശേഷം അറിയിക്കും; സിപിഐ മന്ത്രിമാർ യോഗത്തിൽനിന്നു വിട്ടുനിന്നത് അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രി
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു: പിണറായി വിജയൻ
കായ കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയിൽ ചർച്ചയ്ക്കു വന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചാണ്ടിയുടെ രാജിക്കാര്യം എൽ ഡി എഫ് നേരത്തേ ചർച്ച ചെയ്തതാണെന്നും അന്ന് തന്നെ ഈ വിഷയത്തിൽ നിലപാട് എടുത്തതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തോമസ് ചാണ്ടിയുടെ പാർട്ടിയെന്ന നിലയ്ക്ക് എൻസിപിയുടെ നിലപാട് അറിയുക, ശേഷം മുഖ്യമന്ത്രി നിലപാടെടുക്കുക എന്നതാണ് എൽ ഡി എഫിന്റെ തീരുമാനം. ആ സാഹചര്യത്തിൽ എൻസിപിയുടെ നേതൃത്വവുമായി ഇന്നു രാവിലെ സംസാരിച്ചു. പാർട്ടി അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച ചെയ്യണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചു. ചർച്ചയ്ക്ക് ശേഷം അവരുടെ നിലപാട് വ്യക്തമാക്കും.
അതോടൊപ്പം, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും സി പി ഐ മന്ത്രിമാർ വിട്ടുനിന്നിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി ശരിവെച്ചു. ചാണ്ടി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുകയാണെങ്കിൽ സിപിഐ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ലെന്നു കാട്ടി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കത്തയച്ചിരുന്നു. സിപിഐ മന്ത്രിമാർ യോഗത്തിൽനിന്നു വിട്ടുനിന്നത് അസാധാരണമായ സംഭവമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൽക്കാലം മാറി നിൽക്കാമെന്ന് ചാണ്ടി മന്ത്രിസഭായോഗത്തിൽ അറിയിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഉപാധികളോടെയാണ് ചാണ്ടിയുടെ രാജിയെന്നും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വാർത്താസമ്മേനത്തിൽ ഇക്കാര്യങ്ങൾ നിഷേധിക്കുകയാണ്. ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചാണ്ടിയുടെ രാജി അല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നാല് സിപിഐ മന്ത്രിമാർറ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചാണ്ടിയുടെ രാജികാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നത്.