Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് കൂടിയത് 2000 രൂപ, വിപണിയെ വിറപ്പിച്ച് സ്വർണം
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി.
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധന. ഇന്ന് മാത്രം 2000 രൂപയില്‍ അധികം വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ ചുങ്കപ്പോര് ശക്തമാകുകയും നിക്ഷേപകര്‍ ആശങ്കയിലാകുകയും ചെയ്തതാണ് കാരണം. ഇതോടെ കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് പ്രകടമാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത. കഴിഞ്ഞ നാല് ദിവസങ്ങളിലായി കുറഞ്ഞുകൊണ്ടിരുന്ന വില ഇന്ന് ഒറ്റയടിക്ക് വർധിച്ചത് സാധാരണക്കാർക്ക് നെഞ്ചിടിപ്പ് ഉണ്ടാക്കി.
കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ചെയ്തവര്‍ക്ക് ഇന്ന് വലിയ നേട്ടമാകും. മൂന്ന് ദിവസം മുമ്പ് വാങ്ങി ഇന്ന് വില്‍ക്കുന്നവര്‍ക്കും ലാഭം കൊയ്യാം. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68480 രൂപയാണ് വില. 2160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, 22 കാരറ്റ് ഗ്രാമിന് 270 രൂപ വര്‍ധിച്ച് 8560 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7050 രൂപയായി.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില ഒരു ദിവസം 100 ഡോളറില്‍ അധികം വര്‍ധിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തുടക്കമിട്ട ചുങ്കപ്പോരാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. സ്വര്‍ണവിലയ്ക്ക് പുറമെ വെള്ളിയുടെ വിലയും കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ചൈന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കയറ്റുമതി നിയന്ത്രിച്ചതും വിപണിയെ ആശങ്കയിലാക്കി. വെള്ളിയുടെ ഗ്രാം വില 105 രൂപയായി വര്‍ധിച്ചു.