ദാരുണാപകടം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ മരണപ്പെട്ടു
കൊല്ലം നെടുവത്തൂരിലാണ് സംഭവം.
കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ മരണപ്പെട്ടു. കൊല്ലം നെടുവത്തൂരിലാണ് സംഭവം. നെടുവത്തൂര്‍ സ്വദേശിനി 33 കാരിയായ അര്‍ച്ചന, കൊട്ടാരക്കര ഫയര്‍ ആന്‍ഡ് റെസ്‌ക്യു യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി 36 കാരനായ സോണി കുമാര്‍, യുവതിയുടെ സുഹൃത്ത് 22 കാരനായ ശിവ കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചയായിരുന്ന സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞു വീണതാണ് അപകടത്തിന് കാരണമായത്. മൂന്ന് കുട്ടികളുടെ അമ്മയാണ് മരണപ്പെട്ട അര്‍ച്ചന. കിണറിന് 80 അടി താഴ്ച ഉണ്ടായിരുന്നു. പുലര്‍ച്ചെ 12 കാലോടെയാണ് കൊട്ടാരക്കര ഫയര്‍ഫോഴ്‌സിന് അപകട വിവരം ലഭിക്കുന്നത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സോണി കിണറ്റില്‍ നിന്ന് റോപ് ഉപയോഗിച്ച് യുവതിയെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് കൈവരിയിടിഞ്ഞ് അപകടം ഉണ്ടായത്. അപകട സമയത്ത് കിണറ്റിന്റെ അരികില്‍ നില്‍ക്കുകയായിരുന്ന അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.
ശിവ കൃഷ്ണനും അര്‍ച്ചനയും കുറച്ചു നാളായി ഒരുമിച്ചായിരുന്നു താമസം. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് യുവതി കിണറ്റിലേക്ക് ചാടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് മദ്യലഹരിയിലായിരുന്നു ശിവ കൃഷ്ണന്‍ എന്നാണ് ലഭിക്കുന്ന വിവരം.