Publish Date: Mon, 28 Mar 2022 (16:07 IST)
Updated Date: Mon, 28 Mar 2022 (16:10 IST)
മണ്ണാർകാട്: ആദിവാസി യുവാവിനെ വനത്തിനുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ട സംഭവം കൊലപാതകമെന്നു പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു യുവാവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്കര ആനമൂളി പാലവളവ് ഉരുളൻകുന്ന് ആദിവാസി കോളനിയിലെ കുക്കിയുടെ മകൻ ബാലൻ എന്ന 37 കാരനാണ് വനത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസിൽ ബാലന്റെ സുഹൃത്ത് കൈതച്ചിറ കൊമ്പംകുണ്ട് ആദിവാസി കോളനി നിവാസി ചന്ദ്രൻ എന്ന ഭാസിയെ (40) മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ചേർന്ന് മദ്യപിച്ചപ്പോൾ ഉണ്ടായ വഴക്കിനെ തുടർന്ന് ചന്ദ്രൻ കൈയിലുണ്ടായിരുന്ന വാൾ ഉപയോഗിച്ചു ബാലനെ വെട്ടുകയായിരുന്നു. ബാലൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ചന്ദ്രൻ പിന്നീട് വീട്ടിലേക്ക് പോയി. നാട്ടുകാരാണ് ബാലന്റെ മൃതദേഹം കണ്ടതും പിന്നീട് പോലീസിനെ അറിയിച്ചതും.