തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നടത്തുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയും കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തരുത്. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തും വലിയ തോതിലുള്ള ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണു നിയന്ത്രണങ്ങള്‍.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്നലെ (21 നവംബര്‍) ചേര്‍ന്ന എം.സി.സി. മോണിറ്ററിങ് സെല്‍ യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. കോവിഡ് വ്യാപനം വലിയ രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഈ സ്ഥിതിയില്‍നിന്നു പിന്നോട്ടുപോകാനാകില്ല. ഇതു മുന്‍നിര്‍ത്തി രോഗവ്യാപനം തടയാനുള്ള എല്ലാ നിയന്ത്രണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കര്‍ശനമാക്കണം. ഇക്കാര്യം എംസിസി സ്‌ക്വാഡുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രചാരണത്തന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തില്‍ ഒരു സമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമേ പാടുള്ളൂവെന്നത് കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.