Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂനമര്‍ദം: തിരുവനന്തപുരം ജില്ലയില്‍ നാലുദിവസം അതീവ ജാഗ്രതാ നിര്‍ദേശം; മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും വിലക്ക്

ന്യൂനമര്‍ദം: തിരുവനന്തപുരം ജില്ലയില്‍ നാലുദിവസം അതീവ ജാഗ്രതാ നിര്‍ദേശം; മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും വിലക്ക്

ശ്രീനു എസ്

, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (09:53 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ വരുന്ന നാലു ദിവസം പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നു കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ വിവിധ വകുപ്പുകള്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. ഏതു സാഹചര്യവും നേരിടാന്‍ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനം സജ്ജമാണെന്നും കളക്ടര്‍ പറഞ്ഞു.
 
ഡിസംബര്‍ ഒന്നിന് യെല്ലോ അലേര്‍ട്ടും രണ്ടിനും നാലിനും ഓറഞ്ച് അലേര്‍ട്ടും മൂന്നിന് റെഡ് അലേര്‍ട്ടുമാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു മുന്‍നിര്‍ത്തി ജില്ലയില്‍നിന്നു കടലില്‍ പോകുന്നതിനു പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ പോയിട്ടുള്ളവര്‍ ഇന്ന് അര്‍ധരാത്രിയോടെ സുരക്ഷിതമായി കരയിലെത്തണം. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ കോതിയൊതുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തര നടപടിയെടുക്കണം. പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയുടെ സുരക്ഷിതത്വവും ഉറപ്പാക്കണം.
 
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചതായും കളക്ടര്‍ പറഞ്ഞു. മറ്റു ഖനന പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. പൊന്മുടിയടക്കം ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
 
ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് സഫീറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ യോഗം ചേര്‍ന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു സംബന്ധിച്ചു യോഗം വിശദമായി ചര്‍ച്ചചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ