ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസകരന്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ തലേദിവസം വൈകുന്നേരം മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കുമാണ് സെപ്ഷ്യല്‍ തപാല്‍വോട്ട് അനുവദിക്കുക.
വോട്ടെടുപ്പിന്റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല. അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാമെന്നും കമ്മീഷണര്‍ പറഞ്ഞു. പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പാണ് ക്രമീകരിക്കുന്നത്.