തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം രാജിവയ്ക്കുക തന്നെ വേണമെന്ന് മാ തോമസ് എം.എൽ.എ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. യുവതികളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം കടുക്കുന്നതിനിടെയാണ് ഇപ്പോൾ ശക്തമായ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. രംഗത്ത് എത്തിയത്.
രാഹുൽ ഒരുനിമിഷം മുൻപുതന്നെ രാജിവെക്കണം എന്നുതന്നെയാണ് തനിക്ക് പറയാനുള്ളത് എന്നും മറ്റു പ്രസ്ഥാനങ്ങൾ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമ തോമസ് പറഞ്ഞു. കോൺഗ്രസ് എന്നും സ്ത്രീകളെ ചേർത്തുപിടിച്ചിട്ടേയുള്ളൂ എന്നും കഴിഞ്ഞ ദിവസം തന്നെ അങ്ങനെയൊരു തീരുമാനം ഉണ്ടാകുമെന്നാണ് താൻ വിചാരിച്ചിരുന്നത് എന്നും അവർ പഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്താൻ തീരുമാനിച്ചതിനു പിന്നാലെ അത് മറ്റിവെച്ചത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും ഉമ തോമസ് ആരോപിച്ചു. എന്നാൽ കോൺഗ്രസ് ആദ്യം തന്നെ വളരെ നല്ല നിലപാടാണ് എടുത്തത് എന്നും ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റി എന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ ആവശ്യപ്പെട്ടു. ഒന്നുകിൽ രാജിവെച്ചു പോകുക,അല്ലെങ്കിൽ പാർട്ടി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. വ്യക്തികൾ ചെയ്യുന്ന തെറ്റ് അവർ തന്നെ അനുഭവിക്കണം. ആ വിഴുപ്പ് കോൺഗ്രസ് ചുമക്കേണ്ട ആവശ്യമില്ലെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.
കൃത്യമായ പരാതി കിട്ടാത്തത് കൊണ്ടാണ് നടപടിയെടുക്കുന്നതിൽ പാർട്ടിയിൽ താമസമുണ്ടായത്. എന്നാൽ ഇപ്പോൾ പുറത്ത് വന്ന വാർത്തകളിൽ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. കോൺഗ്രസ് പാർട്ടിയുടെ ലേബലിൽ ഒരു വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാനാവില്ല. ഉപതെരഞ്ഞെടുപ്പ് വരുന്നതിനെക്കുറിച്ച് ആശങ്കകൾ ഇപ്പോഴില്ലെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.
രാഹുൽ എത്രയും വേഗം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി എം സുധാരനും വ്യക്തമാക്കി. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരെയാണ് വിഎം സുധീരൻ ഇക്കാര്യം അറിയിച്ചത്. നിരവധി ആരോപണങ്ങൾ വന്ന സ്ഥിതിക്ക് രാഹുൽ പൊതുപ്രവർത്തന രംഗത്തു നിന്നും മാറിനിൽക്കണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.