മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപി വിഭാഗം, ഫാര്‍മസി, മോര്‍ച്ചറി, എസ്എടി, ആര്‍സിസി എന്നിവയുടെ പരിസരത്ത് നായ്ക്കള്‍ വിഹരിക്കുന്നു
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നവരോടും രാവിലെയും വൈകുന്നേരവും മ്യൂസിയത്തിലും കനകക്കുന്നിലും ചെലവഴിക്കാന്‍ വരുന്നവരും സൂക്ഷിക്കുക. ഈ പരിസരങ്ങളില്‍ കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന നായ്ക്കള്‍ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപി വിഭാഗം, ഫാര്‍മസി, മോര്‍ച്ചറി, എസ്എടി, ആര്‍സിസി എന്നിവയുടെ പരിസരത്ത് നായ്ക്കള്‍ വിഹരിക്കുന്നു.
രോഗികളെയും ആശുപത്രിയിലെത്തുന്ന മറ്റുള്ളവരെയും ആക്രമിക്കാന്‍ ശ്രമിക്കുന്നതായി പലപ്പോഴും പരാതികള്‍ ലഭിക്കാറുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാറില്ല. രാത്രിയിലാണ് ഇവ കൂടുതലും റോഡിലിറങ്ങുന്നത്. കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളില്‍ വരുന്നവരെയും ഇവ ആക്രമിക്കുന്നു. കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തും മ്യൂസിയത്തിലും ഇവയുടെ ആക്രമണം പതിവായി നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് കൂടുതലും ആക്രമണങ്ങള്‍.
ഇതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതരും കോര്‍പ്പറേഷന്‍ ജീവനക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പകല്‍ സമയത്ത് പാര്‍ക്കിലും മൃഗശാലയിലും ചുറ്റിത്തിരിയുന്ന നായ്ക്കള്‍ രാത്രിയിലാണ് റോഡിലിറങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ജനറല്‍ ആശുപത്രി പരിസരം, പേട്ട, കുന്നുകുഴി, ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജ് പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ പ്രശ്‌നം രൂക്ഷമാണ്.