ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ്. പൊരുതാന്‍ പോലുമാകാതെയാണ് വിരാട് കോഹ്‌ലിയുടെ ടീം എതിരാളികള്‍ക്ക് മുമ്പില്‍ അടിയറവ് പറയുന്നത്.
ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കാനിരിക്കെയാണ് കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍സിയില്‍ ബാംഗ്ലൂര്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്നത്. ഇതോടെ വിരാടിന്റെ നായകത്വത്തെക്കുറിച്ചു സംശയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഐപിഎല്ലിലും, ഇന്ത്യന്‍ ടീമിനുമായി കോഹ്‌ലിയുടെ നായകത്വത്തില്‍ ഇറങ്ങിയ അവസാന 13 മത്സരങ്ങളില്‍ 11ലും ടീം തോറ്റു. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ട് മത്സരങ്ങളും പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു. ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങിയ ബാംഗ്ലൂര്‍ കളിച്ച ആറു മത്സരങ്ങളും തോറ്റത്.
ലഭിച്ച താരങ്ങളെ ഉപയോഗിച്ച് തന്ത്രപരമായി കളി മെനഞ്ഞ് ഐപിഎല്ലില്‍ ജയങ്ങള്‍ സ്വന്തമാക്കുകയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തോല്‍ക്കുമെന്ന് തോന്നിപ്പിച്ച മത്സരങ്ങളില്‍ പോലും ധോണിയെന്ന നായകന്‍ ടീമിനെ വിജയത്തിലെത്തിച്ചു.
ആദ്യ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ്മയും വിജയത്തിന്റെ ട്രാക്കില്‍ എത്തിച്ചു കഴിഞ്ഞു. ഈ സമയത്താണ് കോഹ്‌ലി മുന്നില്‍ നിന്ന് നയിക്കേണ്ട ബാംഗ്ലൂര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്നത്.
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കണമെന്ന ആവശ്യം ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തിക്കഴിഞ്ഞു.
ചെന്നൈയുടെ വിജയങ്ങളും ധോണിയുടെ മികച്ച ക്യാപ്‌റ്റന്‍സിയുമാണ് ആരാധകരെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്.
ക്ലാസ് ബാറ്റ്സ്‌മാനായി നിലനില്‍ക്കുമ്പോഴും നായകത്വത്തില്‍ കോഹ്‌ലി അപ്രന്റിസ് മാത്രമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീര്‍ രൂക്ഷമായി വിമര്‍ശിച്ചത്. കൗശലക്കാരനായ നായകനായി വിരാടിന്റെ താന്‍ കണക്കാക്കുന്നില്ല എന്നും ഗംഭീര്‍ പരിഹസിച്ചു.
മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.