ഒറ്റക്കെട്ടായി പ്രതിപക്ഷം; മോദി ക്യാംപില്‍ ആശങ്ക
കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളെല്ലാം വോട്ട് അട്ടിമറി ആരോപണത്തില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം ഇരമ്പുന്നു. വോട്ട് അട്ടിമറിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ 'ഇന്ത്യ' സഖ്യം തീരുമാനിച്ചു.
കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളെല്ലാം വോട്ട് അട്ടിമറി ആരോപണത്തില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്. 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും വോട്ട് അട്ടിമറി വിഷയത്തില്‍ 'ഇന്ത്യ' മുന്നണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മുന്നൂറോളം എംപിമാര്‍ അണിനിരന്ന പ്രതിഷേധ റാലി 'ഇന്ത്യ' സഖ്യത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍ ബിജെപി ക്യാംപ് അസ്വസ്ഥമാണ്. വരും ദിവസങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ എംപിമാര്‍ക്ക് സ്വവസതിയില്‍ വിരുന്നൊരുക്കി. ഭാവി പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു വിരുന്നിന്റെ പ്രധാനലക്ഷ്യം. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണത്തിന്റെ ഗൗരവം മനസിലാക്കി ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം.