വി.എസ്. അന്നേ മുഖ്യമന്ത്രി കസേര ഉറപ്പിച്ചിരുന്നു, രാഷ്ട്രീയ ചാണക്യന്‍ മാരാരിക്കുളത്ത് തോറ്റപ്പോള്‍ കേരളം ഞെട്ടി; മുഖ്യമന്ത്രി കുപ്പായം വീണ്ടും നായനാര്‍ക്ക്, വി.എസ്.ഒറ്റപ്പെട്ടു !
2006 ല്‍ കേരള മുഖ്യമന്ത്രിയായി വി.എസ്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 83 വയസ്സായിരുന്നു പ്രായം
മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ ഇന്ന് 99-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി.എസ്. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
2006 ല്‍ കേരള മുഖ്യമന്ത്രിയായി വി.എസ്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 83 വയസ്സായിരുന്നു പ്രായം. എന്നാല്‍, ഇതിനേക്കാള്‍ പത്ത് വര്‍ഷം മുന്‍പ് വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടത് തലനാരിഴയ്ക്കാണ്. സിപിഎമ്മിലെ വിഭാഗീയതയാണ് അന്ന് താന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കാരണമെന്നാണ് വി.എസ്. ഇപ്പോഴും വിശ്വസിക്കുന്നത്.
ഇടതുമുന്നണി 1996 ലെ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വി.എസ്. പാര്‍ട്ടിയിലെ ശക്തനായിരുന്നു. അധികാരത്തിലെത്തിയാല്‍ വി.എസ്. മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വസിച്ചു. എന്നാല്‍, ഇടതുപക്ഷത്തിനു ഉറച്ച കോട്ടയായ മാരാരിക്കുളം നിയമസഭാ മണ്ഡലത്തില്‍ വി.എസ്. തോറ്റു. 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 9,980 വോട്ടുകള്‍ക്ക് വി.എസ്. ജയിച്ച മണ്ഡലമായിരുന്നു മാരാരിക്കുളം. 1996 ലേക്ക് എത്തിയപ്പോള്‍ 1965 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ജെ.ഫ്രാന്‍സിസ് ജയിച്ചു. വി.എസ്.അച്യുതാനന്ദനെ മാത്രമല്ല സിപിഎമ്മിനെ മുഴുവന്‍ ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു അത്. സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോഴും വി.എസ്. ഒറ്റപ്പെട്ടു. മാരാരിക്കുളത്ത് തോറ്റ വി.എസിന് മുഖ്യമന്ത്രി കസേര കിട്ടിയില്ല. പകരം ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി.
1996 ല്‍ വി.എസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി.കെ.പളനിയെ തോല്‍വിയുടെ കാരണം ആരോപിച്ച് പാര്‍ട്ടിയില്‍ തരംതാഴ്ത്തി. പളനിയുടെ നേതൃത്വത്തില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനമാണ് വി.എസ്.അച്യുതാനന്ദന്‍ തോല്‍ക്കാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നു. പളനിയെ പേരെടുത്ത് പറഞ്ഞ് വി.എസ്. പാര്‍ട്ടി നേതൃത്വത്തിനു പരാതിയും നല്‍കിയിരുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.കെ.പളനി, ജില്ലാ കമ്മിറ്റിയംഗം സി.കെ.ഭാസ്‌കരന്‍ എന്നിവരെ പുറത്താക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. എന്നാല്‍, ഇരുവരെയും ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുക മാത്രമാണ് ഉണ്ടായത്.
വി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗ്രൂപ്പിസമാണ് മാരാരിക്കുളത്ത് പാര്‍ട്ടിയെ തളര്‍ത്തിയതെന്നും തോല്‍വിക്ക് കാരണം വി.എസ്. തന്നെയാണെന്നും പളനി തിരിച്ചടിച്ചു. കെ.ആര്‍.ഗൗരിയമ്മ അക്കാലത്താണ് സിപിഎം വിട്ടത്. ഗൗരിയമ്മ പാര്‍ട്ടി വിട്ടതും മാരാരിക്കുളത്ത് തിരിച്ചടിയായെന്ന് പളനി പറഞ്ഞു. മാരാരിക്കുളത്ത് ഗൗരിയമ്മയ്ക്ക് തരക്കേടില്ലാത്ത വോട്ട് ബാങ്ക് ഉണ്ടായിരുന്നു. സിപിഎമ്മില്‍ നിന്നു രാജിവച്ച ഗൗരിയമ്മ എ.കെ.ആന്റണിക്കും വി.എം.സുധീരനുമൊപ്പം മാരാരിക്കുളത്ത് കോണ്‍ഗ്രസിനായി വോട്ട് ചോദിച്ച് പ്രചാരണത്തിനു ഇറങ്ങി. ഇതെല്ലാമാണ് വി.എസിന്റെ തോല്‍വിക്ക് കാരണമെന്ന് പളനി ആരോപിച്ചു. എന്തായാലും പാര്‍ട്ടിക്കുള്ള അസ്വാരസ്യങ്ങള്‍ കാരണം വി.എസ്.അച്യുതാനന്ദന് നഷ്ടമായത് മുഖ്യമന്ത്രിക്കസേരയായിരുന്നു.