Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടിക്കെട്ട് നീണ്ടുപോയി; പൂരം അനിശ്ചിതത്വം നീക്കാന്‍ ഓടിയെത്തി സുനില്‍ കുമാര്‍

ചരിത്രത്തില്‍ ആദ്യമായാണ് തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട് ദേവസ്വങ്ങളും പൊലീസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാല് മണിക്കൂറിലേറെ വൈകുന്നത്

VS Sunil Kumar

രേണുക വേണു

, ശനി, 20 ഏപ്രില്‍ 2024 (10:41 IST)
VS Sunil Kumar

തൃശൂര്‍ പൂരം അനിശ്ചിതത്വത്തില്‍ ആയപ്പോള്‍ ഓടിവന്ന് ഇടപെട്ട് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാര്‍. പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് വൈകിപ്പിച്ചത്. ഈ സമയത്ത് ഇരു ദേവസ്വങ്ങളുമായി വി.എസ്.സുനില്‍ കുമാര്‍ ചര്‍ച്ച നടത്തി. പൂരം വെടിക്കെട്ട് ഒഴിവാക്കരുതെന്ന് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജില്ലാ കലക്ടര്‍, പൊലീസ് മേധാവികള്‍ എന്നിവരുമായും സുനില്‍ കുമാര്‍ സംസാരിച്ചു. റവന്യു മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷമാണ് ഒടുവില്‍ വെടിക്കെട്ട് നടത്താന്‍ ഇരു ദേവസ്വങ്ങളും സമ്മതിച്ചത്. 
 
ചരിത്രത്തില്‍ ആദ്യമായാണ് തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട് ദേവസ്വങ്ങളും പൊലീസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാല് മണിക്കൂറിലേറെ വൈകുന്നത്. പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് ആരംഭിച്ചത് രാവിലെ ഏഴിന്. പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തി. തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്. രാവിലെ എട്ടരയോടെയാണ് ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട് അവസാനിച്ചത്. വെടിക്കെട്ട് വൈകിയതോടെ ഇന്ന് നടക്കേണ്ട പകല്‍പ്പൂരവും ഉപചാരം ചൊല്ലിപ്പിരിയലും വൈകും. 
 
പകല്‍ വെളിച്ചത്തില്‍ വെടിക്കെട്ട് നടത്തിയതിനാല്‍ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന അമിട്ടുകള്‍ ഇരു കൂട്ടരും പരിമിതപ്പെടുത്തി. രാത്രിപ്പൂരത്തിനിടയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് ഉപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയത്. പിന്നീട് റവന്യു മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും വെടിക്കെട്ട് നടത്താന്‍ ഇരു ദേവസ്വങ്ങളും സമ്മതിക്കുകയും ചെയ്തു. വെടിക്കെട്ട് വൈകിയതോടെ നിരവധി ആളുകള്‍ തൃശൂര്‍ നഗരത്തില്‍ നിന്ന് നിരാശരായി തിരിച്ചുപോയി. 
 


രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനത്തിന്റെ തുടക്കം. ഇതോടെ പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞു പോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ച് തിരുവമ്പാടി ദേവസ്വം ശക്തമായി പ്രതിഷേധമറിയിച്ചു. പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് ഉപേക്ഷിക്കുമെന്ന് വെല്ലുവിളിക്കുകയായിരുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

UAE Weather: യുഎഇയില്‍ അടുത്ത ആഴ്ച വീണ്ടും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്