കേരളത്തിലെ യുവതലമുറയെ രാജ്യം വിട്ട് പോകാതെ കേരളത്തിൽ തന്നെ നിലനിർത്താൻ കഴിയണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മികച്ച തൊഴിൽ സാഹചര്യവും മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും നൽകാനായാൽ ഏറ്റവും കൂടുതൽ പേർ ജീവിക്കാൻ തെരെഞ്ഞെടുക്കുന്ന നാടായി കേരളം മാറുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് യുവതലമുറയെ നിലനിർത്താനായി പരമാവധി ശ്രമിക്കണം. അതിനായി തൊഴിലവസരങ്ങൾ ഒരുക്കാനാകുന്ന അന്തരീക്ഷം സൃഷ്ടിക്കണം. വർക്ക് നിയർ ഹോമിന് മൂന്ന് തരം സൗകര്യം ഒരുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 3 വർഷത്തിനുള്ളിൽ വർക്ക് നിയർ ഹോം സംവിധാനം വഴി ഒരു ലക്ഷം വർക്ക് സീറ്റുകൾ സൃഷ്ടിക്കും. ഇതിനായി 50 കോടി രൂപ മാറ്റിവെയ്ക്കും.
കൂടാതെ കണ്ണൂരിൽ ഐടി പാർക്ക് ഈ വർഷം പ്രവർത്തനം തുടങ്ങും. കേരളത്തിലെ സർവകലാശാലകളും അന്താരാഷ്ട്ര സർവകലാശാലകളും തമ്മിലുള്ള സ്റ്റുഡൻ്റ് എക്സ്ചേഞ്ച് പദ്ധതികൾക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.