സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനുള്ള ജില്ലാതല ഹിയറിംഗ് (നേര്‍വിചാരണ) തുടങ്ങി. കമ്മീഷന്‍ സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്ന മോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി സുനില്‍കുമാര്‍, ആലപ്പുഴ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി അലക്‌സ് , കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് വെര്‍ച്ച്വല്‍ ക്ലാസ് റൂംമില്‍ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെ ഒമ്പതു മണിമുതല്‍ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, ചേര്‍ത്തല നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. ഇവിടെ 262 പരാതികളാണ് ഉള്ളത്. 11 മണി മുതല്‍ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ ആലപ്പുഴ, ചെങ്ങന്നൂര്‍ നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും. പരാതികളുടെ എണ്ണം 235. ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, ഹരിപ്പാട്, മാവേലിക്കര, കായംകുളം നഗരസഭകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും. ഇവിടെ നിന്നും 226 പരാതികളാണ് ലഭിച്ചിട്ടുള്ളത്.