Publish Date: Fri, 13 Oct 2023 (12:00 IST)
Updated Date: Fri, 13 Oct 2023 (12:02 IST)
തൃശൂർ: കടന്നൽ കുത്തേറ്റു തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തൃശൂരിലെ എടത്തിരുത്തിയിൽ കമ്മായി റോഡിൽ കോലാന്ത്ര തിലകൻ എന്ന 70 കാരനാണ് ദാരുണാന്ത്യം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന ഏഴു തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. എടത്തിരുത്തി കൊപ്രാക്കളം തെക്കു ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കുന്നതിനിടെയാണ് തിലകൻ പുൽക്കാടുകൾ വെട്ടിയപ്പോൾ കൂട്ടത്തോടെ ഇളകിയ കടന്നൽ തിലകനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്നവർക്കും കടന്നൽ കുത്തേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ തിലകന്റെ ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന കടന്നൽ കുത്തേറ്റ മറ്റു തൊഴിലാളികൾ കാരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.