മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം, തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍; രാത്രിയും ദൗത്യം തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം, സൈന്യത്തെ തിരിച്ചുവിളിച്ചു
മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്
ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസത്തിന്റെ സിഗ്നല്‍. അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മനുഷ്യ ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് അനുമാനം.
മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. റഡാറില്‍ സിഗ്നല്‍ ലഭിച്ചതിനാല്‍ രാത്രിയും രക്ഷാദൗത്യം തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. തെരച്ചില്‍ നിര്‍ത്തി സംഘം മടങ്ങാനിരിക്കെയാണ് റഡാറില്‍ സിഗ്നല്‍ ലഭിച്ചത്. ഫ്‌ളഡ് ലൈറ്റ് അടക്കം ക്രമീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനം.
കെട്ടിടം പൂര്‍ണമായി ഇടിച്ചു പൊളിച്ച് ദൗത്യം തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. റഡാര്‍ സിഗ്നല്‍ ലഭിച്ചിടത്തു പരിശോധന നടത്താന്‍ ഉന്നതാധികാരികള്‍ നിര്‍ദേശം നല്‍കിയതായി രക്ഷാപ്രവര്‍ത്തകരും സ്ഥിരീകരിച്ചു. സൈന്യത്തോടും ഉടന്‍ സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.