Kerala Weather: വരുന്നു അടുത്ത ന്യൂനമര്‍ദ്ദം; സെപ്റ്റംബര്‍ 25 മുതല്‍ മഴ
ബംഗാള്‍ ഉള്‍ക്കടലിനു പുറമെ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലും ചൂഴലിക്കാറ്റുകള്‍ സജീവമാണ്
Kerala Weather: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിനു പിന്നാലെ രണ്ടാമത്തെ ന്യൂനമര്‍ദ്ദവും വരുന്നു. സെപ്റ്റംബര്‍ 25 ഓടെ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെടുകയും തീവ്ര ന്യൂനമര്‍ദ്ദമായി സെപ്റ്റംബര്‍ 27 ഓടെ ആന്ധ്രാ - ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
ബംഗാള്‍ ഉള്‍ക്കടലിനു പുറമെ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലും ചൂഴലിക്കാറ്റുകള്‍ സജീവമാണ്. ആദ്യ ന്യൂനമര്‍ദ്ദം നേരിട്ട് മഴക്ക് കാരണമാകില്ലെങ്കിലും നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മഴ തുടരും. രണ്ടാമത്തെ ന്യൂനമര്‍ദ്ദം സംസ്ഥാനത്തു പൊതുവെ 25 ന് ശേഷം 2-3 ദിവസം മഴയില്‍ വര്‍ധനവിന് കാരണമാകും.
ഇന്ന് സംസ്ഥാനത്ത് കാര്യമായ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മിക്കയിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കാം.
തെക്കന്‍ തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.