പാലക്കാട് : വെബ്‌സൈറ്റ് റിവ്യൂവിന്റെ പേരില്‍ പണം സമ്പാദിക്കാം എന്നു വിശ്വസിപ്പിച്ചു യുവതിയില്‍ നിന്നു നാലു ലക്ഷം രൂപാ തട്ടിയ കേസില്‍ പ്രതികളായ 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശികളായ ബിന്‍ഷാദ്, ഷമീല്‍, സിനാസ് എന്നിവരാണ് പിടിയിലായത്.ഫോണ്‍ വഴിയാണ് സംഘം ഓണ്‍ലൈന്‍ ബന്ധമുണ്ടാക്കിയത്. എറണാകുളം സ്വദേശിനിയുടെ ഫോണിലേക്ക് വിവിധ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ ആദ്യം അയച്ചു നല്‍കി.തുടര്‍ന്നു റിവ്യു ചെയ്ത് നല്‍കിയാല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. തുടക്കത്തില്‍ ചെറിയ തുക യുവതിയില്‍ നിന്ന് സംഘം കൈപ്പറ്റുകയും ചെയ്തു.
പിന്നീട് ലാഭ വിഹിതമെന്ന പേരില്‍ കുറച്ച് പണം യുവതിക്ക് തിരിച്ചു നല്‍കി വിശ്വാസമാര്‍ജ്ജിച്ചു. പിന്നീട് സംഘം ആവശ്യപ്പെട്ട പ്രകാരം യുന്നതി കൂടുതല്‍ പണം അയച്ചു നല്‍കിയെങ്കിലും തിരിച്ചൊന്നും വരാതെയായി. ഇതിനിടെ 4,87,000 രൂപ സംഘം കൈക്കലാക്കിയിരുന്നു.എന്നാല്‍ പണം തിരികെ ലഭിക്കണമെങ്കിലും പണം അയയ്ക്കാന്‍ സംഘം ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പ് മനസിലാക്കിയ യുവതി കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ അക്കൗണ്ടില്‍ നിന്ന് പണം മുഴുവന്‍ പിന്‍വലിച്ചതായി കണ്ടെത്തി.
ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷമീല്‍ (18), ബിന്‍ഷാദ് (19), സിനാസ് (33) എന്നിവര്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സമാനമായ രീതിയില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.