Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം വാര്‍ഡിലെ സെല്ലിലാണ് ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്നത്
Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി (ഏലിയാല് ചാര്‍ളി തോമസ്) ജയില്‍ ചാടിയത് ഇന്ന് രാവിലെ 7.15 ന്. സെല്ലിലെ ഇരുമ്പഴി മുറിച്ചുമാറ്റിയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം വാര്‍ഡിലെ സെല്ലിലാണ് ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്നത്. ജയിലിലെ പ്രത്യേക സുരക്ഷയുള്ള വാര്‍ഡാണിത്. ഇവിടെ നിന്ന് ഗോവിന്ദചാമി രക്ഷപ്പെട്ടതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. സെല്ലിലെ ഇരുമ്പഴി മുറിക്കാന്‍ കട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം.
ജയിലിലെ മറ്റു അന്തേവാസികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ആരുടെയെങ്കിലും സഹായം ലഭിക്കാതെ ഗോവിന്ദചാമിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നാണ് പൊലീസ് കരുതുന്നത്. മറ്റൊരാളുടെയോ അല്ലെങ്കില്‍ ഒന്നിലേറെ ആളുകളുടെയോ സഹായം ഗോവിന്ദചാമിക്കു ലഭിച്ചിട്ടുണ്ടാകാം.
സെല്ലില്‍ നിന്ന് പുറത്തുകടന്ന ശേഷം കണ്ണൂര്‍ ജയിലിന്റെ പിന്നിലെ മതില്‍ ചാടികടന്നാണ് രക്ഷപ്പെടല്‍. ഗോവിന്ദചാമിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9446899506 എന്ന നമ്പറില്‍ വിവരം അറിയിക്കുക. 2011 ഫെബ്രുവരിയിലാണ് ഗോവിന്ദചാമി ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട പീഡന-കൊലക്കേസ് നടന്നത്.
തമിഴ്‌നാട് വിരുധാചലം സ്വദേശിയാണ് ഗോവിന്ദചാമി. വികലാംഗനായ ഇയാള്‍ക്ക് വേറൊരാളുടെ സഹായം ഇല്ലാതെ ജയില്‍ ചാടുക സാധ്യമല്ല. 2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദചാമി ജയില്‍വാസം അനുഭവിക്കുന്ന കേസിനു ആസ്പദമായ സംഭവം. കൊച്ചിയില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ക്ക് പോകുകയായിരുന്ന 23 കാരിയെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതാണ് കേസ്. ഈ പെണ്‍കുട്ടി പിന്നീട് കൊല്ലപ്പെട്ടു.