'ശബരിമലയെ വെറുതെ വിട്ടുകൂടേ? നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്'- പൃഥ്വിരാജിന്റെ നിലപാടിൽ ഞെട്ടി ആരാധകർ
ഡബ്ല്യുസിസി രൂപീകരിച്ചപ്പോള്‍ അഞ്ജലി മേനോന്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് കുറിപ്പിടാമോ എന്ന് ചോദിച്ചതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നും താരം പറയുന്നു...
ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥിരാജ്. ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാമെന്ന് പറഞ്ഞ താരം
അയ്യപ്പനെ കുറിച്ചൊന്നുമറിയാതെ വെറുതേ കാണാമെന്ന് കരുതിയാണ് പോകുന്നതെങ്കിൽ എന്തിനാണ് അങ്ങനെ പോകുന്നതെന്നും ചോദിക്കുന്നു.
‘ക്ഷേത്രത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ അതിന്റെ ആചാരങ്ങളിലും വിശ്വസിക്കണം. അല്ലെങ്കിൽ അതിന്റെ പേരിൽ പ്രശ്നങ്ങൾക്ക് നിൽക്കരുത്. ശബരിമലയിൽ ദർശനത്തിനായി പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അതിൽ അഭിപ്രായം പറയാം. അതല്ലാതെ, വെറുതേ കാട്ടിൽ ഒറ്റു അയ്യപ്പനുണ്ട്. കാണാൻ പോയേക്കാം എന്നാണെങ്കിൽ എനിക്കൊന്നേ പറയാനുള്ളു, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്‘. പുതിയ സിനിമയായ 9ന്റെയും സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെയും പശ്ചാത്തലത്തില്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
സിനിമയില്‍ വനിതാ സംഘടന രൂപീകരിച്ചപ്പോള്‍ സംവിധായിക അഞ്ജലി മേനോന്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് കുറിപ്പിടാമോ എന്ന് ചോദിച്ചതിനാല്‍ താന്‍ അങ്ങനെ ചെയ്തുവെന്നും പൃഥ്വിരാജ് പ്രതികരിച്ചു. 'അമ്മ'യില്‍ സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നൊന്നും പറയാന്‍ എനിക്കാവില്ലെന്നും കഴിഞ്ഞ നാലു ജനറല്‍ ബോഡികളില്‍ പങ്കെടുക്കാന്‍ തിരക്കുമൂലം കഴിഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.
അതേസമയം, എപ്പോഴും സ്ത്രീസമത്വത്തിനും തുല്യനീതിക്കും വേണ്ടി നിലകൊണ്ടിരുന്ന താരത്തിന്റെ പുതിയ നിലപാട് കേട്ട് അന്തംവിട്ടിരിക്കുകയാണ് ഫാൻസ്. ശബരിമല വിഷയത്തിൽ ഇങ്ങനെയൊരു നിലപാട് പൃഥ്വിരാജ് എടുക്കുമെന്ന് ആരും കരുതിയിരുന്നില്ല.