Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകന്റെ ഭാര്യയെ കൊല്ലാന്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍; സിറിഞ്ചില്‍ വായു കയറ്റി കുത്തിവയ്ക്കാന്‍ ശ്രമം, ആശുപത്രി ജീവനക്കാരുടെ ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

പ്രസവാനന്തരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്‌നേഹയെ നഴ്‌സ് വേഷത്തിലെത്തി കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്

Women attempt to kill lovers wife in Pathanamthitta
, ശനി, 5 ഓഗസ്റ്റ് 2023 (10:34 IST)
കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) ആണ് പിടിയിലായത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെ (24) അപായപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണുമായി അനുഷ അടുപ്പത്തിലായിരുന്നെന്ന് വിവരമുണ്ട്. സ്‌നേഹയെ കൊലപ്പെടുത്തി അരുണിനെ സ്വന്തമാക്കുകയായിരുന്നു അനുഷയുടെ ലക്ഷ്യം. 
 
പ്രസവാനന്തരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്‌നേഹയെ നഴ്‌സ് വേഷത്തിലെത്തി കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നതായി പൊലീസ് പറയുന്നു. എയര്‍ എംബോളിസം എന്ന മാര്‍ഗത്തിലൂടെ കൊലപാതകം നടത്താനാണ് അനുഷ ആസൂത്രണം ചെയ്തത്. 
 
അരുണും അനുഷയും കോളേജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നെന്ന് വിവരമുണ്ട്. പ്രസവ ശേഷം ആശുപത്രിയിലെ റൂമില്‍ വിശ്രമിക്കുകയായിരുന്നു സ്‌നേഹ. നഴ്‌സിന്റെ വേഷത്തിലെത്തിയ അനുഷ കുത്തിവയ്‌പ്പെടുക്കാനെന്ന വ്യാജേന സ്‌നേഹയെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. ആശുപത്രി ജീവനക്കാരുടെ ഇടപെടലാണ് സ്‌നേഹയുടെ ജീവന്‍ രക്ഷിച്ചത്. 
 
സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ അനുഷയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഞെരമ്പിലേക്ക് സിറിഞ്ചിലൂടെ വായു കുത്തിവെച്ച് കൊല്ലാനാണ് അനുഷ ശ്രമിച്ചത്. ഇതിനെയാണ് എയര്‍ എംബോളിസം എന്ന് പറയുന്നത്. അനുഷ രണ്ടുതവണ സ്‌നേഹയുടെ കൈയില്‍ സിറിഞ്ച് ഇറക്കി. ഞരമ്പ് കിട്ടാത്തതിനാല്‍ അടുത്തതിന് ശ്രമിക്കുമ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സുമാര്‍ മുറിയിലേക്ക് എത്തുന്നത്. അനുഷയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌നേഹയുടെ അമ്മയാണ് ഡ്യൂട്ടി റൂമിലെത്തി മറ്റ് നഴ്‌സുമാരെ വിവരം അറിയിച്ചത്. 
 
നഴ്‌സുമാരെത്തി കണ്ടപ്പോള്‍ തന്നെ അനുഷ ആശുപത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി. ആശുപത്രിയില്‍ കുത്തിവയ്‌പ്പെടുക്കാന്‍ നിയോഗിച്ചിട്ടുള്ള നഴ്സുമാര്‍ക്ക് പ്രത്യേക യൂണിഫോമാണ്. എന്നാല്‍, അനുഷ ധരിച്ചിരുന്നത് അത്തരത്തിലുള്ളതായിരുന്നില്ല. ചോദ്യംചെയ്തതോടെ ഇവര്‍ മുറിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നഴ്സുമാര്‍ തടഞ്ഞുവെച്ച് സുരക്ഷാജീവനക്കാരെ അറിയിച്ചു. പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുര്‍ബാനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച 17 കാരി മരിച്ചു