കൊല്ലം: മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എ യുമായ എ.യൂനൂസ് കുഞ്ഞ് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് മുക്തനായി മാറിയ ശേഷം വാർധക്യ സഹജമായ രോഗങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു.
മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. 1991 ൽ മലപ്പുറത്ത് നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. പിന്നീട് ഇരവിപുരം, പുനലൂർ എന്നിവിടങ്ങളിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ രാഷ്ട്രീയ മേഖലയിലെ പ്രമുഖനായിരുന്നു ഇദ്ദേഹം.
മുസ്‌ലിം ലീഗിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത് പ്രസിഡന്റ്, അംഗം, ജില്ലാ കൗൺസിൽ അംഗം എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പത്ത് മണിക്ക് പള്ളിമുക്കിലെ യൂനൂസ് കോളേജിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഖബറടക്കം വൈകിട്ട് നാലിന് കൊള്ളുവിള ജുമാമസ്‌ജിദിൽ നടക്കും. ഭാര്യ ദാരീഫ ബീവി, നാല് ആണ്മക്കളും മൂന്നു പെണ്മക്കളുമുണ്ട്.