ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ? എല്ലായിടത്തും നടക്കുന്നതല്ലേ? - നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ കൊല്ലം തുളസിയുടെ പ്രതികരണം
ഇതൊക്കെ ഇത്രവലിയ കാര്യമാണോ? - കൊല്ലം തുളസി ചോദിക്കുന്നു
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട വിഷയത്തിൽ സിനിമ മേഖലയിൽ നിന്നും നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ പ്രമുഖർ പലരും അവളോടോപ്പം നിന്നപ്പോൾ ചിലർ അവനോടൊപ്പവും നിലയുറപ്പിച്ചു. കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ദിലീപിനുള്ള പിന്തുണ കൂടുക തന്നെ ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ദിലീപിനു ജാമ്യം അനുവദിച്ചത്. ഇതോടെ ദിലീപിനു പിന്തുണയുമായി എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. പൾസർ സുനിയല്ലേ ദൗത്യം നടത്തിയത്, പിന്നെ എന്തിന് മനപ്പൂർവ്വം ദിലീപിനെ കരുവാക്കുന്നു എന്ന് നടനും ബിജെപി അനുഭാവിയുമായ കൊല്ലം തുളസി ചോദിച്ചു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ പ്രൈം ടൈംചർച്ചയിൽ വെച്ചായിരുന്നു കൊല്ലം തുളസിയുടെ ഈ വിവാദ ചോദ്യം.
അതോടൊപ്പം, പീഡനത്തിനിരയായ യുവതിയെ മാത്രമല്ല സ്ത്രീ സമൂഹത്തെ മുഴുവൻ അപമാനിക്കുന്ന പ്രസ്താവനയാണ് കൊല്ലം തുളസി നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. 'ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ, ഇതൊക്കെ എല്ലായിടത്തും നടക്കുന്ന സംഭവമല്ലേ” എന്നായിരുന്നു കൊല്ലം തുളസിയുടെ മറ്റൊരു ചോദ്യം. പീഡനം എപ്പോഴും നടക്കുന്നതല്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യമെന്നും ഇത് സ്ത്രീകളെ മൊത്തം അപമാനിക്കുന്ന പ്രസ്താവനയാണെന്നും വ്യക്തമാക്കി വിഷയം ഇതിനോടകം സോഷ്യൽ മീഡിയകളിൽ ചർച്ചയായി കഴിഞ്ഞു.